Wednesday, 25 June 2014

Saamoohyajeevi( Story )


സാമൂഹ്യജീവി


കൃത്യം പാരീസ് ഹോട്ടലിന്റെ മുന്നിലെത്തിയപ്പോൾ വിശപ്പിന്റെ വിളി മൂർധന്യത്തിൽ  എത്തിയിരുന്നു. കൂടുതലൊന്നും അമാന്തിക്കാൻ നിന്നില്ല അയാൾ അങ്ങോട്ടേക്ക്  കയറി .

കുടികിടപ്പ്  സർട്ടിഫിക്കറ്റ്  ശരിയാക്കാൻ  വില്ലജ് ഓഫീസിൽ വന്നതായിരുന്നു അയാൾ , ഓഫീസിന്റെ വരാന്തയിൽ തപസ്സിരിക്കാൻ തുടങ്ങിയിട്ട് മണിക്കൂർ രണ്ട്  ആയി. ഓഫീസർ ഇതുവരെ സ്ഥലത്ത്  എത്തിയിട്ടില്ല. കാത്തു മടുത്തപ്പോൾ ഉച്ച വെയിലിനെ അവഗണിച്ചുകൊണ്ട്  അയാൾ പുറത്തേക്ക് ഇറങ്ങിയതാണ് .

ഹോട്ടലിൽ സാമാന്യം നല്ല തിരക്കുണ്ട് , അതുവഴി  പോകുന്നവരെ പിടിച്ചു  കയറ്റാൻ പാകത്തിലുള്ള ഇന്നത്തെ സ്പെഷ്യൽ ബോർഡ്‌  അതിന്റെ മുന്നിലുണ്ട് . വറുത്തരച്ച ചിക്കൻ കറി , ഞണ്ട്  ചട്ടിയിൽ വരട്ടിയത് , ആവോലി കല്ലിൽ പൊള്ളിച്ചത്  കൂന്തൽ  റോസ്റ്റ്  അങ്ങനെ മനം മയക്കുന്ന വിഭവങ്ങൾ  നിര നിരെ . നേർത്ത  ഗാനം, മോടി പിടിപ്പിച്ച അകത്തളം , എല്ലാം കൊണ്ടും അകെ മൊത്തം ഒരു മനോഹാരിത . വെയിറ്റർ ഓർഡർ എടുക്കാൻ വന്നു,  അയാൾ പൊറോട്ടയും ബീഫും  ഓർഡർ ചെയ്തു .

പച്ച ബനിയനും നീല ജീൻസും ഇട്ട വെയിറ്റർമാരാണ്  അവിടെ ഉള്ളത് .  യൂണിഫോം ഇട്ട   വെയിറ്റർമാർ ഒരു ഭംഗി തന്നെയാണ് .  കാട്ടാക്കടയിലെ  തൻറെ ഹോട്ടലിലെ ബംഗാളി പയ്യന്മാർക്കും ഇതുപോലെ യൂണിഫോം കൊടുത്താലോ എന്നയാൾ ആലോചിക്കാതിരുന്നില്ല. അവരെ ദിവസവും കുളിപ്പിച്ചിട്ട്‌ വരുത്തുന്നതിന്റെ പാട് അയാൾക്കറിയാം, അങ്ങനെ വരുമ്പോ ഇതൊന്നും നടപ്പില്ലാത്ത കാര്യം ആണ്.

ബീഫും  പൊറോട്ടയും ഒരു താലത്തിൽ വന്നു.  പതുപതുപ്പുള്ള  പഞ്ഞി പോലെ ചൂടുള്ള പൊറോട്ട ഒരു കഷ്ണം മുറിച്ചെടുത്ത് ബീഫിൽ നല്ലപോലെ മുക്കിയെടുത്തു , കൂടെ ഒരു നെയ്യുള്ള കഷ്ണത്തെ പൊതിഞ്ഞെടുത്ത് വായിലേക്ക് ഇടാൻ നോക്കുമ്പോഴാണ്  എന്തോ ഒന്ന് കൈയെ തിരിച്ചു വിളിച്ചത്. സംഗതി മറ്റൊന്നുമല്ല , രണ്ടാഴ്ച മുൻപ് നടന്നൊരു സംഭവം .

കാട്ടാക്കടയിലെ ഹോട്ടലിന്റെ കാഷിൽ ഇരിക്കുമ്പോഴാണ് അനുജൻ സദാശിവന്റെ പരിഭ്രമിച്ചുള്ള വരവ് .

“ചേട്ടാ  ഒരു  ചെറിയ  പ്രശ്നംണ്ട് “
“എന്തേ “
“ബീഫ് റോസ്റ്റിൽ ഒരു പല്ലി  ചത്ത്‌  കിടക്കുന്നു “
“പല്ലിയോ … പല്ലി  എന്തിനു അതിനകത്ത് കയറി “

ഉത്തരം മുട്ടിക്കുന്ന ചോദ്യത്തിന് എന്താണ് പറയേണ്ടതെന്നറിയാതെ  സദാശിവൻ നിശബ്ദൻ ആയിപ്പോയി.

അയാൾ  അടുക്കളയിൽ  പോയി ബീഫ്  റോസ്റ്റിൻറെ  പാത്രം തുറന്നു നോക്കി . ഒരു മുങ്ങൽ വിദഗ്ദ്ധൻ മുട്ടോളം വെള്ളത്തിൽ മുങ്ങാം കുഴിയിട്ട് തല തല്ലി മരിച്ചാൽ എങ്ങനെയിരിക്കും അതുപോലെയാണ് പല്ലിയുടെ  കിടപ്പ് . മസാലയും  പല്ലിയും  തമ്മിൽ ഒരഭേദ്യമായ അകലം ഇപ്പോഴും സൂക്ഷിക്കുന്നുണ്ട്.

അയാളുടെ അരിശം വല്ലാതെ ഇരച്ചു കയറി . അരിശം കൊള്ളിക്കാൻ കുശിനിക്കാരനെ ഹാജരാക്കി . വട്ടമൂടിയുടെ  വളവുകൊണ്ടുണ്ടായ വിടവു  കാണിച്ച്  കുശിനിക്കാരൻ ശാസ്ത്രീയമായി  തടി തപ്പി . അയാൾ സദാശിവനെ നോക്കി പറഞ്ഞു .

“ നീയാ  തവി ഇങ്ങൊട്ടെടുത്തെ ശിവാ “
“ എന്നുവച്ചാ...  ഇതിനെ എടുത്തു കളയാനാണോ “
“ അത് തന്നെ “
“ അപ്പൊ.. “
അയാൾ കയറിപ്പറഞ്ഞു : “ നിനക്കിന്നു  ബീഫ് കൂട്ടി കഴിക്കണംന്ന്  നിർബന്ധംണ്ടോ”
“ ഇല്ല “
“പിന്നെന്താ .. രണ്ടായിരം രൂപേടെ മൊതല് കളയാന്നുവച്ചാ തലക്ക്  ഓളം അല്ലെ “

പല്ലിയേയും അതിൻറെ പരിചയക്കാരെന്ന്  കരുതുന്ന ബീഫ് കഷ്ണങ്ങളെയും അയാൾ വിദഗ്ദ്ധമായി എടുത്തു കളഞ്ഞു .
***
പൊറോട്ട ബീഫ്  റോസ്റ്റിൽ ഒന്നുകൂടി മുക്കി നോക്കി, അയാൾക്ക്  കഴിക്കാൻ കഴിഞ്ഞില്ല . മനസ്സിൽ കുറ്റബോധത്തിൻറെ വേലിയേറ്റം മൂർധന്യത്തിൽ എത്തിനില്ക്കുന്നു.

അയാൾ പലതും ഓർത്തുപോയി, മനുഷ്യൻ ഒരു സാമൂഹ്യജീവിയാണ് . അവൻ അവനടങ്ങുന്ന സമൂഹത്തിൻറെ ഓരോ കണ്ണിയാണ് , അറിഞ്ഞോ അറിയാതെയോ ബന്ധപ്പെട്ടുകിടക്കുന്ന കണ്ണികൾ. അവൻ സമൂഹത്തോട് ചെയ്യുന്നതൊക്കെയും അവനോടു തന്നെയല്ലേ ചെയ്യുന്നത്. അതിന്റെ ലാഭവും നഷ്ടവും അവനും കൂടിയല്ലേ അനുഭവിക്കേണ്ടത് .

അയാൾ  ഒന്നും കഴിച്ചില്ല , അല്പം വെള്ളം മാത്രം കുടിച്ച് എഴുന്നേറ്റു. ബില്ല് കൊടുക്കാൻ പോയ അയാളെ കാഷ്യർ തഞ്ചത്തിൽ ഒരു മൂലയ്ക്കു വിളിച്ചുകൊണ്ടുപോയി അടക്കിയ സ്വരത്തിൽ ചോതിച്ചു .

“ഭക്ഷണത്തിൽ വല്ലതും കണ്ടോ.. ചേട്ടൻ രുചിച്ചുപോലും നോക്കിയില്ലല്ലോ “
  
അയാൾ ഉഴപ്പിക്കൊണ്ടു പറഞ്ഞു

“ അതൊന്നുമല്ല കാര്യം എനിക്ക് വേണ്ടാഞ്ഞിട്ടാ “
“എന്തെങ്കിലും കണ്ടിട്ടുണ്ടെങ്കിൽ ഞങ്ങൾ അതിൻറെതായരീതിയിൽ എന്താന്നുവച്ചാ ചെയ്യാം . ഈ കാര്യം പുറത്ത് പറഞ്ഞ് ഹോട്ടലിന്റെ reputation കളയരുത് “

“ഹ അതൊന്നുമല്ലെടോ.. ഇത്രയൊന്നുമില്ലെങ്കിലും എനിക്കുമുണ്ട് ഒരു ഹോട്ടൽ .. കാര്യം നിങ്ങള് വിചാരിക്കുന്നതുപോലോന്നുമല്ല … എനിക്കൊരു തെറ്റ് പറ്റി .. പറ്റിപ്പോയി … അല്ലാതെ നിങ്ങളുടെ ഭാഗത്ത്  യാതൊരു  തെറ്റൂല്ലാ “

കഷ്യർക്ക് കാര്യം ഒന്നും മനസ്സിലായില്ലെങ്കിലും എല്ലാം അനുസരണഭാവത്തിൽ  കേട്ടു നിന്നതേയുള്ളൂ. കാശു കൊടുത്ത് പുറത്തേക്കിറങ്ങവേ  എന്തോ പറയാൻ മറന്നതുപോലെ അയാൾ തുടർന്നു .

“ നമ്മളൊക്കെ സാമൂഹ്യജീവിയാണ് .. സമൂഹത്തെ മറന്നൊരു കളി കളിക്കാൻ പാടില്ല “

നിരത്തിലെ തിരക്കിനെ വകഞ്ഞു മാറ്റിക്കൊണ്ട് അയാൾ നടന്നകന്നു .
***


ജനാധിപത്യം ( മിനിക്കഥ)

ഒരു ഹർത്താൽ ദിവസം, അതിരാവിലെ പാർട്ടി നേതാവ് കോളേജ് ഹോസ്റ്റലിൽ എത്തി ഒരു പറ്റം വിദ്യാർത്ഥികളെ വിളിച്ചു കൊണ്ട് പോയി. ജനറൽ ഹോസ്പിറ്റലിന്റെ പരിസ...