Monday, 17 June 2013

Nakshathrangal..(Story)


നക്ഷത്രങ്ങൾ





അവസാനമായി ആ മുഖമൊന്നു കാണാൻ വേണ്ടി യാണ് അയാൾ  കണ്ണാടി എടുത്തത് . കാലം ചുളിവുകൾ വരുത്താൻ സമയമായില്ലെങ്കിലും ഇപ്പോഴെന്തോ ചുളിവുകൾ വന്നത് പോലെ . മരിക്കാൻ  പോകുന്നവന്റെ മുഖത്തുണ്ടാകേണ്ട എല്ലാ ഭാവങ്ങളും ആ മുഖത്തുണ്ട് .

അടുത്ത ജന്മത്തിൽ, അങ്ങനെയൊരു  ജന്മം ഉണ്ടോ എന്ന് അയാൾക്ക് ഉറപ്പില്ല, ഉണ്ടെങ്കിൽ ഈ മുഖം  എന്തിന്റെതായിരിക്കും? ഒരു  പട്ടിയുടെ.. അല്ലെങ്കിൽ പാമ്പിന്റെ...  ചിലപ്പോ ചാണകത്തിലെ കീടത്തിന്റെ  വരെ  ആകാം. എന്തായാലും മനുഷ്യന്റേതു വേണ്ട എന്നയാൾക്കു നിർബന്ധമുണ്ട്.

അയാൾ  മുറിയാകെ ഒന്ന് കണ്ണോടിച്ചു. വെറും  മൂന്ന് വർഷത്തെ പരിചയം മാത്രമേ ആ  മുറിയോടു  ഉള്ളെങ്കിലും ജന്മാന്തരങ്ങളുടെ ആത്മ ബന്ധമുണ്ട്. കണ്ണു കൊണ്ടും  മനസ്സുകൊണ്ടും ഒരുപോലെ പരതി  നോക്കി, ഓർമ്മയുടെ  നെല്ലി  പലകവരെ, തുടർന്ന് ജീവിക്കാൻ     എന്തെങ്കിലുമൊരു  കാരണത്തിന് വേണ്ടി. അങ്ങനെയൊന്ന് കണ്ടെത്താനായില്ല .

മുറി  പൂട്ടുമ്പോൾ പതിവുപോലെ  പൂട്ട് വീണു എന്നുറപ്പിക്കാൻ നിന്നില്ല. താക്കോൽ അപ്പുറത്തെ കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞു. മറ്റു  ലൈൻ മുറികളൊക്കെ പൂട്ടിക്കിടപ്പാണ് , സെറാമിക്  ഫാക്ടറി യിലെ  തൊഴിലാളികൾ ആണതിൽ മിക്കവരും. ജോലി കഴിഞ്ഞു അവർ തിരിച്ചെത്തേണ്ട സമയമായിട്ടില്ല.  അവരോടൊക്കെ യാത്ര പറയണമെന്നുണ്ടായിരുന്നു, എവിടെ പോകുന്നു എന്ന് ചോതിച്ചാൽ എന്ത് പറയണം? മരിക്കാൻ  പോകുന്നു എന്ന് പറയണോ. ചിലർ അതു തമാശയാണെന്നു കരുതും, മറ്റു ചിലരോ.

ചായക്കടയിലെ പറ്റ്  തീർത്തത് കൊണ്ടാവാം ശങ്കരെട്ടൻ അയാളെ കണ്ടപ്പോൾ ചിരിച്ചത് .  തിരിച്ച് അയാളും ഒരു ചിരി പാസ്സാക്കി.

റോഡിൽ തിരക്കുണ്ടായി  വരുന്നതേയുള്ളൂ. ജോലി കഴിഞ്ഞു വീട്ടിലേക്കു മടങ്ങുന്ന ക്ഷീണിച്ച മുഖങ്ങളാണതിൽ ഭൂരിഭാഗവും .  അതിൽ ചില മുഖങ്ങൾ അയാൾക്ക്  പരിചയമുണ്ട് . അതിലൊരു മുഖം

‘എന്താ ബാബു നിന്നെയിന്നു പണിക്കു കണ്ടില്ലല്ലോ’

‘ഒരത്യാവശ്യ കാര്യം ചെയ്യാനുണ്ടായിരുന്നു’

ഇപ്പോ എവിടെ പോണു ?

ദാ  ഇവിടെ അടുത്ത് ഒരിടം വരെ    

ഒരു തരത്തിൽ  പറഞ്ഞാൽ അയാൾ പറഞ്ഞത് സത്യമാണ് . മരണത്തിലേക്കുള്ള യാത്ര, മരണം ഇപ്പോഴും നമ്മുടെ അടുത്തു തന്നെയുണ്ട് , ജീവനുള്ളിടത്തോളം കാലം അത്  പിന്തുടരും , നിഴലിനെക്കാളും കൂറുള്ള സഹചാരി. ഒരു സന്ദർഭത്തിനു വേണ്ടി , ഒരു അപകടത്തിനു വേണ്ടി കാത്തു നില്ക്കും ശരീരത്തിൽ കയറിക്കൂടാൻ

പക്ഷേ ചിലതുണ്ട്, ഹൃദയം മാത്രം ചലിപ്പിക്കാൻ കഴിവുള്ള ശരീരങ്ങളെ പോലും മാറിനിന്നു നോക്കി ചിരിക്കുന്ന മരണങ്ങൾ .  കുറച്ചു കാലം കൂടി നരകിച്ചു ജീവിക്കട്ടേയെന്നു വിചാരിക്കുന്ന മരണങ്ങൾ , ക്രൂരമായ മരണങ്ങൾ

നേരം  ഇരുട്ടാൻ തുടങ്ങി, പാണ്ടി കോളനിയിൽ പാട്ട് സെറ്റിന്റെയും പാണ്ടികളുടെ കലപില ശബ്ദങ്ങൽ അലയടിച്ചു . അത് ഒരു കാലഘട്ടത്തിന്റെ ആർത്ത നാദമായ് അയാൾക്ക് തോന്നി

റോഡരികിൽ ഒരു കറുത്ത്  തടിച്ച സ്ത്രീ അതുപോലെ തന്നെ കറുത്ത അവരുടെ രണ്ടു മക്കളെ കുളിപ്പിക്കുകയാണ്‌ , അതിൽ ഒരു കുട്ടി വാവിട്ടു കരയുന്നുമുണ്ട് . അയാളുടെ തുറിച്ചു നോട്ടം കൊണ്ടാവണം അവരും ഒരു ക്രൂര നോട്ടം തിരിച്ചെറിഞ്ഞു .

നഗരത്തിലെ എല്ലാ വിളക്കുകളും തെളിഞ്ഞു പൂർണ ശോഭയോടെ നിൽക്കുന്നു .  രാത്രികാലങ്ങളിൽ അങ്ങനെയാണ് നഗരം ആരെയും മോഹിപ്പിക്കും . ആൾക്കാരെ മൂക്ക് മുട്ടെ നിറച്ച്  ബസ്സുകൾ തലങ്ങും വിലങ്ങും പായുകയാണ് . KSRTC ബസ്സ്‌ സ്റ്റാന്റ് കഴിഞ്ഞാൽ  പിന്നെ റയിൽവേ പാളമാണ് .

തുടക്കവും ഒടുക്കവും എവിടെ നിന്നാണ് എന്ന് മനസ്സിലാക്കാൻ പറ്റാത്ത റയിൽ പാളങ്ങൾ അയാളെ എന്തിനെയോ ഓർമ്മപ്പെടുത്തി . ആൾക്കാരുടെ ശ്രദ്ധ എത്താത്ത  ഒരു സ്ഥലം, അതിനു വേണ്ടി കുറച്ചു ദൂരം നടക്കേണ്ടി വന്നു , കൂട്ട് നടക്കാൻ  കുളിരും  കൊണ്ട്  ഇളം  കാറ്റ്   കൂടെ  വന്നു.

ചുറ്റുപാടും  ഒന്ന്  കണ്ണോടിച്ചു കൊണ്ട് അയാൾ  പാളത്തിനു  കുറുകെയായി കിടന്നു. ഉച്ച വെയിലിൻറെ ചൂട് വിട്ടുകൊടുക്കാൻ മടിക്കുന്ന പാളത്തിലെ    കല്ലുകൾ അയാളുടെ  പുറത്ത് ഇളം ചൂട് നൽകി. പാതിയിൽ കുറഞ്ഞ ചിരിക്കുന്ന ചന്ദ്രന് കൂട്ടായി ഒരായിരം നക്ഷത്രങ്ങൾ മാനത്ത്  മിന്നിത്തിളങ്ങി നിൽപുണ്ട്.

അയാൾ പോക്കറ്റിൽ നിന്ന് ഒരു സിഗരറ്റ്  എടുത്ത്  തീ കൊളുത്തി , ആ കുഞ്ഞു നക്ഷത്രങ്ങളിലേക്കു ഓരോ പുകയും ഊതി ഊതി വിട്ടു . ആ കുഞ്ഞു നക്ഷത്രങ്ങൾ അയാളെ മാധവേട്ടനെ വാക്കുകളെ  ഓർമപ്പെടുത്തി, അയാളുടെ കുട്ടിക്കാലത്ത്  .

‘നല്ല മനസ്സുള്ളൊരു മരിച്ചു കഴിഞ്ഞാൽ അവർ  ആകാശത്തു ഒരു നക്ഷത്രമായി തിളങ്ങി നിൽക്കും, അങ്ങനെ അവർക്കു സ്വന്തം നാടും വീടും  ഒക്കെ വീണ്ടും  കാണാൻ പറ്റും . ഇങ്ങനെ ഒരുപാടു നല്ലവരുണ്ടെങ്കിൽ ഒന്നാലോചിച്ചു നോക്കൂ   ആകാശം നക്ഷത്രങ്ങളെ  കൊണ്ട്  നിറഞ്ഞു  തിളങ്ങി നിൽക്കും. പിന്നെ ഇവിടെ ആർക്കും കള്ളന്മാരെയും പ്രേതത്തിനെയൊന്നും പേടിക്കേണ്ടി വരില്ല . ആതുകൊണ്ട് ഒരു നല്ല മനുഷ്യനായി ജീവിക്കാൻ ശ്രമിക്കുക’

അച് ഛനും  അമ്മയും ആരെന്നറിയാത്തതുകൊണ്ടാണ്  അയാൾ ആ സ്ഥാനം മാധവേട്ടനും ഭാര്യ ദേവകിയ്കും കൊടുത്തത് , അതിനു വേറെയും ചില കാരണങ്ങൾ ഉണ്ട് . അയാൾക്ക് ഒരു ആറേഴ് വയസ്സുള്ളപ്പോഴാണ് , അര  ചാണ്‍  വയർ നിറയ്കാൻ വേണ്ടി  തെരുവിൽ  അലഞ്ഞു നടന്ന കാലം . കുഞ്ഞുമോയ്തീന്റെ പലചരക്കു കടയിൽ നിന്ന് ഒരു പിടി അവൽ എടുത്തോടിയ അവനെ നാട്ടുകാർ തടഞ്ഞു പിടിച്ചു . ഓടി വന്നെത്തിയ കുഞ്ഞുമൊയ്തീൻ അവന്റെ കവിളത്തൊന്നു കൊടുത്തു , വായിലെ അവൽ  കുറച്ചു പുറത്തേക്കു തെറിച്ചു .

‘കള്ള ബലാലെ .. ഇനി യ്യ് എന്റെ പീടിയേന്നു കക്കുവോ’

ഒന്ന് കൂടി അടിക്കാൻ വേണ്ടി കുഞ്ഞുമോയ്തീന്റെ കൈ വായുവിലേക്കുയർന്നു . ആ  കൈ ആരോ തടഞ്ഞു .

‘കൊച്ചു  കുട്ടിയല്ലേ .. ഇനി അവനെ തല്ലണ്ട. വിശന്നിട്ടാവും  കട്ടത് ‘     മാധവേട്ടനാണത്

‘ഈ  പഹയനെ ഇപ്പൊ വിട്ടാല് നാളെ ഇവൻ ഈ നാട്  മുഴുവൻ കട്ട്  മുടിക്കും ‘  

‘ഹ  പോട്ടെ കുഞ്ഞുമോയ്തീനെ .. കള .. തെറ്റിയെഴുതിയതിനെ  വെട്ടിക്കളയുന്നതും  തിരുത്തുന്നതും  തമ്മിൽ ഒരുപാടു വ്യസ്ത്യാസം ഉണ്ട്  ‘

മാധവേട്ടൻ അവന്റെ ചുമലിൽ കൈ വച്ചുകൊണ്ട് ചോതിച്ചു

‘എന്താ  മോന്റെ പേര് ?’

പുറം കൈ കൊണ്ട് കണ്ണ്‍  തുടച്ചുകൊണ്ടവൻ പറഞ്ഞു

‘ബാബു ‘

മാധവേട്ടൻ അവിടെ ഒരു ചായക്കട നടത്തുകയാണ് , കമ്മ്യൂണിസ്റ്റ്  ആശയം  തലക്കുപിടിച്ച ഒരു കമ്മ്യൂണിസ്റ്റു കാരനും. മാധവേട്ടൻ അവനെ അയാളുടെ ചായക്കടയിലേക്ക് കൂട്ടിക്കൊണ്ടു പോയി ഇല അടയും പാൽ ചായയും കൊടുത്തു . ആദ്യമായിട്ടാണ് ഇത്രയും സ്നേഹത്തോടെ ഒരാൾ അവന്റെ മുൻപിൽ ഭക്ഷണം വച്ചുനീട്ടുന്നത് , അതിന്റെ രുചി ഇപ്പോഴും ആ നാവിൽ നിന്ന് പോയിട്ടില്ല .

അന്ന്  ആദ്യമായി അവന്റെ വയറിനോപ്പം മനസസും നിറഞ്ഞു , ഒരു നിഴൽ പോലെ കൂട്ടു നടന്ന പട്ടിണിയോട് എന്നെന്നേക്കുമായി വിടപറഞ്ഞ ദിവസം കൂടിയായിരുന്നു അന്ന് .

ആർത്തിയോടെ കഴിക്കുന്ന അവനെ നോക്കി മാധവേട്ടൻ പറഞ്ഞു

‘മോഷ്ടിക്കുന്തോറും നശിക്കും .. നശിക്കൂന്തോറും  പിന്നെയും മോഷ്ടിക്കും അതാണ് മോഷണത്തിന്റെ പ്രത്യേകത … ഇനി മോഷ്ടിക്കരുത്  ഒന്നും .. ഒരിക്കലും ‘

അന്ന് തൊട്ട് അവൻ മോഷ്ടിച്ചിട്ടില്ല

‘നീയിവിടെ കൂടിക്കോ .. എനിക്കൊരു സഹായമാവുമല്ലോ .. ഈ  ചായക്കടയും ഇതിന്റെ പുറകിലെ വീടും നിന്റെതാണെന്ന് നിരീച്ചോ ‘

മാധവേട്ടൻ  അവനെ അവിടയൂള്ള സ്കൂളിൽ ചേർത്തു . പകൽ സ്കൂളിൽ പോകും രാവിലെയും വൈകിട്ടും അവൻ മാധവേട്ടനെ സഹായിക്കും. മാധവേട്ടന്  ഒരു മകനാണുള്ളത് , അയാൾ സിങ്കപ്പൂരിൽ ഭാര്യയും മക്കളുമായ്  കഴിയുന്നു . ബാബു  മാധവേട്ടന്റെ മകനെപ്പറ്റി ചോതിക്കാറുണ്ട് , പലപ്പോഴും ഒരു നീണ്ട മൗനം ആണുത്തരം . ചിലപ്പോ അവനു മനസ്സിലാകാത്ത കാര്യങ്ങളായിരിക്കും പറയുക . പക്ഷെ അവനു ഒരു കാര്യം മനസ്സിലായി, അവർ തമ്മിൽ അത്ര സ്വരച്ചേർചയല്ല  എന്ന കാര്യം.  ഇത്  കാണുമ്പോൾ ഭാര്യ ദേവകിയുടെ കണ്ണുകൾ നിറയും , പെറ്റ വയറിനു കരഞ്ഞു മാത്രമേ ശീലമുള്ളൂ.  ഒരു മകന്റെ വിരഹവേദന മറക്കുവനാണ് തന്നെ വളർത്തുന്നതെന്ന് ബാബുവിന്  തോന്നിയിട്ടുണ്ട് . ഏകദേശം പത്തു വർഷക്കാലത്തോളം  ബാബു മാധവേട്ടന്റെ കൂടെയായിരുന്നു.

മഴയ്ക് കാരണക്കാരനായ  സൂര്യൻ തന്നെ വരള്ച്ചയ്ക്കും കാരണമാകാറുണ്ട് . ആരോരും ഇല്ലാത്ത അവനു സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഒരു സുപ്രഭാതത്തിൽ ദൈവം ഒരു അച്ഛനെയും അമ്മയെയും കൊടുത്തു , അതെല്ലാം തിരിച്ചെടുക്കുന്നത്  പോലെയായിരുന്നു അത് . മാധവേട്ടന്റെ മരണം .

ഈറനുടുത്ത്  മാധവേട്ടന്റെ ചിതയ്ക്  തീ കൊളുത്തുമ്പോൾ  അവന്റെ  മനസ്സും ശരീരവും പതറുകയായിരുന്നു . ചിതയിൽ നിന്നുയർന്ന  പുകയോടൊപ്പം മാധവേട്ടന്റെ ആത്മാവും ഉയർന്നു  പോകുന്നതായി അവനു തോന്നി, ഒരു നക്ഷത്രമായി തിളങ്ങാൻ .

സഞ്ചയനതിന്റെ  അന്ന് എള്ളും  പൂവും  കൊണ്ട് ദർപ്പണം  ചെയ്യുമ്പോഴാണ്  സിങ്കപ്പൂരിലുള്ള മാധവേട്ടന്റെ മകൻ വന്നത് . അയാളുടെ ദു:ഖം അയാളുടെ  കണ്ണുകൾ പറയുന്നുണ്ടായിരുന്നു. ദേവകിയെ സിങ്കപ്പൂരിലേക്ക് കൂട്ടി കൊണ്ടുപോകാനാണ്‌  അയാൾ  വന്നത് , കൂടെ ആ ചായക്കടയുടെയും അതിന്റെ പുറകിലെ വീടിന്റെ വിലയും.

ബാബു ജീവിതത്തിൽ വീണ്ടും ഒറ്റപ്പെടുകയായിരുന്നു. ജീവനും കൊണ്ട് ഭൂമിയിലേക്ക്‌ വരുന്നതും ജീവൻ വെടിഞ്ഞു പോകുന്നതും ഒറ്റയ്കാണെങ്കിലും  ഇതിനിടയിൽ ഒറ്റപ്പെടുക എന്നത് മരണത്തേക്കാൾ ഭയാനകമാണ് .

പിന്നീടുള്ള ദിവസങ്ങൾ അലച്ചിലിന്റെ കയത്തിലായിരുന്നു. കരിമ്പിൻ തോട്ടം, വെളിച്ചെണ്ണ  മിൽ , കരിങ്കൽ  ക്വാറി അങ്ങനെ എവിടെയും  സ്ഥിരമായി അയാൾ  നിന്നില്ല, ഒടുവിൽ ഇവിടെയെത്തി സെറാമിക്  ഫാക്ടറയിൽ.

മാധവേട്ടന്റെ കൂടെയുള്ള നല്ല നാളുകൾ ഒഴിച്ചാൽ കഞ്ഞിരം പോലെ എല്ലാ ഭാഗവും കയ്പിന്റെ നാളുകളായിരുന്നു, മധുരം അറിയാത്ത കയ്പിന്റെ നാളുകൾ
 
കൊടും  കാറ്റിനിടയ്ക്  ഇളം കാറ്റ്  പൊലൊരനുഭവം ഇന്നലെയുണ്ടായി. നഗരത്തിലെ വില കൂടിയ ഒരു വേശ്യയുടെ കൂടെയുള്ള ഒരു രാത്രി. അത്  ഓർക്കുമ്പോൾ അയാളുടെ മുഖത്തൊരു പാതി ചന്ദ്രൻ വിടർന്നു, അതിനു നിറമേകാൻ  ഒരു പുക കൂടി ആഞ്ഞെടുത്തു.

ആ ശീതീകരിച്ച മുറിയിൽ ചെല്ലുമ്പോൾ അവൾ കട്ടിലിൽ കാലിന്മേൽ കാൽ കയറ്റി വച്ച് ആരോടോ മൊബൈലിൽ സംസാരിക്കുകയായിരുന്നു .  അയാളെ കണ്ടയുടനെ മറുതലയിലുള്ള  ആളോട് എന്തോ പറഞ്ഞു കൊണ്ട്  കുട്ട്  ചെയ്തു . ഒരു പുഞ്ചിരിയോടുകൂടിയാണ് അയാളെ സ്വീകരിച്ചത് . ഒരു പണക്കാരനുണ്ടാകേണ്ട യാതൊരു സൂചനയും അയാളിൽ ഇല്ലാത്തതുകൊണ്ട്  ആരോ കടിഞ്ഞാൻ ഇട്ടു നിയന്ത്രിക്കും പോലെയായിരുന്നു അവളുടെ ചിരി.

അതിനു പകരമായി കൈലുള്ള പൊതി എടുത്തു നീട്ടി.

‘ഇത് നിനക്ക് വേണ്ടി കൊണ്ടുവന്നതാണ് ‘

ഒരു പട്ടു സാരി

‘നന്നായിട്ടുണ്ട് ‘

ശരീരത്തിന്റെ ആശ തീർക്കാൻ വന്നതല്ല , മറിച്ച് എന്തൊക്കെയോ പങ്കുവെക്കാൻ സ്നേഹമുള്ള വികാരത്തിന് വേണ്ടി  ഒരു പെണ്‍ മനസ്സാണ് അയാൾക്ക്  വേണ്ടതെന്ന്  അറിഞ്ഞപ്പോൾ   അവൾക്ക്  പോട്ടിച്ചിരിക്കാതിരിക്കാൻ  കഴിഞ്ഞില്ല , ചിരിയുടെ  അലകൾ അടങ്ങാതെതന്നെ  അവൾ ചോതിച്ചു

‘ അറിയാൻ മേലാഞ്ഞിട്ടു  ചോതിക്കുകയാ ചേട്ടന്റെ അരപ്പിരി ലൂസ്  ആണോ ‘

‘അരയല്ല  ഒരു മുക്കാൽ പിരിയോളം ലൂസായി   കിടക്കുകയാ ‘

അവൾ അവിടുന്ന് എഴുന്നേറ്റ്  ഒരു സിഗരറ്റിനു തീ കൊളുത്തി , ഒന്ന്  അയാൾക്കും  കൊടുത്തു . ഒരു നീണ്ട പുകയുടെ ലഹരി ആസ്വദിച്ചുകൊണ്ട്  അവൾ പറഞ്ഞു .

‘ രണ്ടു  മൂന്നു കൊല്ലമായി ഞാൻ നാട്ടുകാർക്ക്  വേണ്ടി കാലു വിടർത്തി കൊടുക്കാൻ  തുടങ്ങിയിട്ട്  ഇന്നേവരെ  ഈ സൈസ്  സാധനത്തിനെ കണ്ടിട്ടില്ല ‘

വെറും എണ്ണായിരം മാസവരുമാനമുള്ള ആളാണ്  പതിനായിരങ്ങൾ മുടക്കി  ഈ സാഹസത്തിനു  മുതിർന്നത്  എന്നറിഞ്ഞപ്പോൾ  അവൾക്കു  തെല്ലൊന്നുമല്ല  അത്ഭുതം ഉണ്ടായതു.

‘ചുരുങ്ങിയ  കാശിനു തരപ്പെടുന്ന വേറെ ഒരുപാടു സ്ഥലം ഈ സിറ്റിയിൽ തന്നെ ഉണ്ടല്ലോ. എന്തിനാണിവിടെ വന്ന്  കാശു കളയുന്നത് . അതോ  ഇനി കുറേ സമ്പാദിച്ചു വച്ചിട്ടുണ്ടോ ‘

‘ഇതോടെ  എല്ലാം തീർന്നു ‘

‘ തീർന്നോ..  അങ്ങനെയാണോ.. എന്താ നാളെ  മുതൽ  കാശിക്കു പോകുകയാണോ ‘

‘കാശിക്കല്ല  അതിലും സ്വസ്ഥത കിട്ടുന്ന മരണത്തിലേക്ക് ‘

‘മരിക്കാനോ  എന്തിന് ‘

അയാളുടെ മൌനത്തെ തച്ചുടക്കാൻ വേണ്ടി അവൾ വീണ്ടും ചോതിച്ചു

‘ എന്തിനാ  മരിക്കാൻ   പോണേ .. തന്റെ  കാമുകി തന്നെ തഴഞ്ഞോ .. എടൊ  പെണ്ണ് ചതിച്ച  ലോകത്തിലെ ആദ്യത്തെ പുരുഷൻ  എന്തായാലും  താനല്ല ‘

‘എനിക്ക്  എയിഡ്സ്  ആണ് ‘

അവളുടെ തുറിച്ചുനോട്ടം കനത്തു  തുടങ്ങി . അയാൾ ചോതിച്ചു

‘എന്താ  എന്റെയടുത്തിരിക്കാൻ  പേടിയുണ്ടോ ‘

‘ഇല്ല ‘

‘അതെന്തേ ‘

‘എനിക്ക്  ഇതുവരെ എയിഡ്സ്  വന്നിട്ടില്ലന്നോ  ഇനി വരില്ലാന്നൊ  ഒരു  ഉറപ്പുമില്ല ‘

അയാൾ   ആ മറുപടിയിൽ ആകർഷിച്ചെന്നോണം അവളുടെ നെറ്റിയിൽ അമർത്തി  ചുംബിച്ചു . രാത്രി പുലരുന്നതുവരെ അവർക്ക്  പങ്കുവെക്കാൻ ഒരുപാടു കാര്യങ്ങൾ ഉണ്ടായിരുന്നു, ഇതിനിടയിലെപ്പഴോ ഉറക്കം ഒരു  വിരുന്നുകാരനെപ്പോലെയെത്തി .

ഒരു ഇടപാടുകാരന്റെ  നോട്ടുകെട്ടിനനുസരിച്ചുള്ള വികാരത്തിനപ്പുറം പേരിടാൻ പറ്റാത്ത മറ്റേതോ ഒരു വികാരം അവൾക്ക്  അയാളോട് ഉണ്ടായിരുന്നു . പച്ച മാംസ്സത്തിനുള്ളിലെ സ്പന്ദിക്കുന്ന ഹൃദയത്തിനു വേണ്ടി മുംബൊരിക്കലും ആരും അവളെ സമീപിച്ചില്ല .

‘പാർട്ടിയുമായിട്ടു ഞാൻ ഇടപാട്  നടത്താറില്ല  ഉണ്ടായിരുന്നെങ്കിൽ കാശു തിരിച്ചു തന്നേനെ... ഒരു  ഉപദേശം തരാനുള്ള അനുഭവമോ ജീവിതപരിചയമോ എനിക്കില്ല .. എന്നാലും പറയാ ജീവിക്കണം . ദൈവം പരീക്ഷിക്കുമെങ്കിലും ആരെയും  ഉപേക്ഷിക്കില്ല. ശാസ്ത്രം ശരവേഗത്തിലാണ്  വളരുന്നത്‌ . ഇന്നല്ലെങ്കിൽ നാളെ എയിഡ്സ് നുള്ള  മരുന്ന്  കണ്ടുപിടിച്ചുകൂടായ്കയില്ല ‘

പിരിയാൻ നേരത്ത് അവളുടെ കവിളിൽ കണ്ണുനീരു കൊണ്ടൊരു ചാലു രൂപപ്പെട്ടു .  ആ  കണ്ണുനീർ തുടച്ചുകൊണ്ട് അയാൾ പറഞ്ഞു .

‘നിന്റെ ഇടതു കണ്ണിനു  മാത്രമേ വിഷമമുള്ളൂ ‘

അയാളവിടെ നിന്നിറങ്ങി . ഉള്ളിൽ എവിടെയോ ജീവിക്കാനുള്ള ആശയുടെ  വിത്തുകൾ പാകിയതുപോലെ. മുളയ്ക്കാതെ  കിടയ്ക്കുന്ന വിത്തുകൾ .

അയാൾ  ഒരു സിഗരറ്റിനു കൂടി തീ കൊളുത്തി . സൂര്യന്റെ ചൂട്  പൂർണ്ണമായും അരങ്ങൊഴിഞ്ഞു , കണ്‍ മുന്നിൽ ഇപ്പോഴും അവളുടെ മുഖമാണുള്ളതു . അവളുടെ നോട്ടം അവളുടെ ചിരി അവളുടെ മണം അവളുടെ നിശ്വാസം . ആ മധുര സ്മ്രിതിയിൽ പാറി നടക്കുന്ന അയാളെ എറിഞ്ഞു  വീഴത്തും പോലെയായിരുന്നു അത് .

‘തീ തരുമോ ‘

തലയുയർത്തി  നോക്കുമ്പോൾ ഏകദേശം അറുപതിനു മുകളിൽ പ്രായമുള്ള ഒരു കഷണ്ടിക്കാരൻ . കഷണ്ടിക്കാരനെ കണ്ടയുടനെ ബാബു നീരസത്തോടെ എഴുന്നേറ്റ്  പാളത്തിലിരുന്നു . സിഗരറ്റ്  കഷണ്ടിക്കാരന്  നീട്ടി .

അയാൾ  പെട്ടെന്ന്  പോകുമെന്നായിരുന്നു കരുതിയത്‌ , പ്രതീക്ഷയ്ക്  വിപരീതമായി അയാൾ അവിടെ ഇരിക്കാനുള്ള പുറപ്പാടാണ് . കുറച്ചു പ്രയാസപ്പെട്ടിട്ടാണ്  പാളത്തിലിരിക്കുന്നതു . മാനത്തെ ചന്ദ്രന്റെ സാന്നിധ്യം  ഒരു പൊട്ടായി അയാളുടെ  കഷണ്ടിയിൽ തിളങ്ങി നിന്നു . അയാളുടെ സഞ്ചിയിൽ നിന്നും വൃത്തികെട്ട നാറ്റം വരുന്നുണ്ടായിരുന്നു.

‘ഇത്തിരി എട്ടയാ... ആദായത്തിന്  കിട്ടിയതൊന്നുമല്ല എന്നാലും വാങ്ങിച്ചു .. കുരുമുളകിട്ടു  വരട്ടിയ ഇവന്റെ ഒരു തല മതി സംഗതി കുശാൽ.. പക്ഷെ ഇതിന്റെ മണമാണ്  സഹിച്ചുകൂടാത്തത് ‘

അയാളാ സഞ്ചി അങ്ങോട്ട്‌ മാറ്റിവച്ചു . വെപ്പുകാൽ അഴിക്കും മ്പോഴാണ്  അയാൾക്ക്‌ ഒരു കാല്  ഇല്ലാത്ത കാര്യം അറിയുന്നത് .  അയാൾ തുണികൊണ്ട്  അവിടെയുള്ള വിയർപ്പ്  തുടച്ചു . ബാബുവിന്റെ ഉഴിഞ്ഞു നോട്ടം കണ്ടിട്ടാവണം .

‘സംശയിക്കേണ്ട  കാല്  ഒന്നരയേ ഉള്ളൂ ‘ കൂടെ ഒരു ചിരിയും .

ആ അരക്കാലിന്റെ അറ്റം പാളത്തിലെ കല്ലിന്മേൽ തൊടുമ്പോൾ ബാബുവിന് ശരീരമാകെ ഒരു ഇക്കിളി പാഞ്ഞു . ഒരു നീണ്ട പുക എടുത്തുകൊണ്ട് അയാൾ പറഞ്ഞു

‘ ഈ ചൂട്  സമയത്ത്  ഇവിടെ വന്നിരിക്കാൻ നല്ല സുഖമാ .. ഇത്തവണ ഇത്തിരി  അധികം ചൂട് ഉണ്ട് .. വർഷംന്തോറും ചൂട് കൂടി  കൂടി വരികയല്ലേ … ഗ്ലോബൽ വാർമ്മിങ്ങ് ‘

നന്നായി പരിചയമുള്ളപോലെ അയാൾ  ബാബുവിനോട് സംസാരിച്ചു തുടങ്ങി . ചില ആൾക്കാർ ഇങ്ങനെയാണ് രംഗബോധം ഇല്ലാതെയാണ് അടുത്ത് കൂടാൻ വരിക . ഒരു സംഭാഷണം തുടങ്ങിക്കിട്ടാൻ ആദ്യം നിലവിലുള്ള കാലാവസ്ഥയെപ്പറ്റി  പറയും പിന്നെ നാട്ടിൽ നടക്കുന്ന അനീതി , രാഷ്ട്രീയക്കാർ പിന്നെ പിന്നെ അവനവനെപ്പറ്റി തന്നെ പൊങ്ങച്ചവും പറയാൻ തുടങ്ങും . പറയുന്ന ആൾക്കൊഴികെ മറ്റാർക്കും ഇഷ്ടപ്പെടാത്ത ഒരേ ഒരു കാര്യമാണ് പൊങ്ങച്ചം . ബാബു അയാളെ തീരെ ശ്രദ്ധിക്കാൻ പോയില്ല .

‘ഞാനും  ഇടയ്കൊക്കെ ഇവിടെ വന്നിരിക്കാറുണ്ട്  നല്ല  തണുപ്പാ .. പക്ഷെ ഇതുപോലെ  നീണ്ടു നിവർന്നു അങ്ങോട്ട്‌  കിടക്കാറില്ലാന്നു  മാത്രം  ‘

കൂടെ  വന്ന പരിഹാസച്ചിരിയെ അടക്കി നിർത്താനായി ഒരു പുക കൂടി എടുത്തു.

‘എങ്ങനെ  ചൂട്  കൂടാതിരിക്കും മരങ്ങളൊക്കെ മുടി വെട്ടുന്നതുപോലെയല്ലേ  വികസനം എന്ന പേരും പറഞ്ഞു വെട്ടി നശിപ്പിക്കുന്നത് .. ഞാൻ  ത്രേസിക്കൊച്ചിനെയും കൂട്ടി ഇവിടെ വരുമ്പോ ഇപ്പഴോന്നുമല്ല  ഒരു ..ഒരു .. മുപ്പതു മുപ്പത്തഞ്ചു വർഷം മുൻപാ . അപ്പൊ ഇവിടെയൊക്കെ നിറയെ മരങ്ങളും തെങ്ങും മാവും ഒക്കെയായിരുന്നു ഇപ്പൊ ഇവിടെ ഒരു കുറ്റിച്ചെടി പോലും കാണാനില്ല ‘

മനപ്പൂർവ്വം എടുത്തൊരു മൌനത്തിനു ശേഷം വീണ്ടും തുടർന്നു .

‘അതൊരു  വരവായിരുന്നു .. വിപ്ലവകരമായ വരവ്  നാട്ടുകാരെയും വീട്ടുകാരെയും ഒക്കെ എതിർ ത്തുള്ള വരവ്  ത്രേസിക്കൊച്ച്  ഒരു നസ്രാണിയാണ്  ഞാനാണെങ്കിൽ അസ്സല്  നായരും .. അവളേം കൂട്ടി വീട്ടീ ചെന്നപ്പോ അപ്പൻ പറഞ്ഞു ഞാൻ ചത്തിട്ടു ഇങ്ങോട്ട് കയറിയാൽ മതീന്ന് ... അന്ന്  അവിടുന്ന്  ഇറങ്ങിയതാ  പിന്നെ അപ്പൻ മരിച്ചപ്പോഴും കയറിയിട്ടില്ല ‘

പുകയുടെ ചുവ മാറാൻ ഒന്ന് നീട്ടി തുപ്പി .

‘അർത്തിങ്കൾ  പള്ളിയുടെ മതിലിന്മേൽ സ്നേഹം ദൈവമാണെന്ന്  എഴുതിയത്  കണ്ടു   ത്രേസിക്കൊച്ച്  പറയുമായിരുന്നു നമ്മുടെ ഇടയിൽ ഉള്ളത്  എന്നതാന്നറിയോ  ദൈവം എന്ന് . ആ ദൈവം കൊണ്ട് തന്നെയാ ഒരുപാട്  ബന്ധങ്ങൾ കരിഞ്ഞുപോയതും .. അച്ഛന് മകനോടുള്ളത്  മകന്  അച്ഛനോടുള്ളത്..  അമ്മയോടുള്ളത് ‘

അയാൾ  ഒരു കല്ലെടുത്ത്  മറ്റേ പാലത്തിലേക്ക്  നീട്ടി എറിഞ്ഞു. അത്  പാളത്തിൽ  തന്നെ കൃത്യമായി കൊണ്ട് കിടിൻ  എന്ന ശബ്ദം ഉണ്ടായി.

‘ സ്നേഹം ദൈവമാണ് ‘ അയാളാ  വാചകം  ആവർത്തിച്ചു

അതിന്റെ അർഥം മനസ്സിലാക്കാൻ അന്നത്തെ ആൾക്കാർക്കും  കഴിഞ്ഞിട്ടില്ല ഇന്നത്തെ ആൾക്കാർക്കും കഴിഞ്ഞിട്ടില്ല .  അന്നത്തെ സംഭവത്തിന്‌  ശേഷം എനിക്കാ നാടിനോടെ  വെറുപ്പ്  തോന്നിപ്പോയി . അങ്ങനെ ഇവിടെയെത്തി, ഇവിടെ എന്റെ പഴയ ഒരു സ്നേഹിതനുണ്ടായിരുന്നു ജോസഫ്  അവൻ ഇവിടെ ജംഗാർ  കോളനിയിൽ ഒരു വാടക വീട് ശരിയാക്കിത്തന്നു . ഞാനും ത്രേസിക്കൊച്ചും  അവിടെ നിന്ന് ജീവിതമാരംഭിച്ചു

ജീവിതം അങ്ങനെ താളത്തിൽ പോയിക്കൊണ്ടിരിക്കുംമ്പോഴാ  ഒരു കല്ല്  വന്ന്  ആ താളം തെറ്റിച്ചത് . അന്നൊക്കെ  ഞാൻ വീട് പണിക്കാ പോയിക്കൊണ്ടിരുന്നത് ചുമരു പണിതുകൊണ്ടിരിക്കുന്ന മുകളിൽ  നിന്നും ഒരു കല്ല്‌ വന്ന്  ദേ എന്റെയീ കാലിൽ  വന്നു വീണു  തലയിൽ വീഴേണ്ടതായിരുന്നു എന്തോ ഭാഗ്യത്തിന് കാലിലാ വീണത്‌ . എല്ലും മാംസവും ചതഞ്ഞരഞ്ഞു പോയി . ആശുപത്രീലു കൊണ്ടുപോയപ്പോ പറഞ്ഞു കാലു മുറിച്ചു മാറ്റണംന്ന് , അതിന്റെ വേദനയും സങ്കടവും ഒന്നുമല്ല ആദ്യം മനസ്സിൽ  വന്നത് . ത്രേസിക്കൊച്ച് , എന്നെ മാത്രം വിശ്വസിച്ച് വീട് വിട്ടിറങ്ങിയ അവളെ ഞാൻ എങ്ങനെ ഒറ്റക്കാലും വച്ച് നോക്കും , അവൾക്കപ്പോ നാലാം മാസാമാ നേരത്തിനും കാലത്തിനും എന്തെങ്കിലും വയറ്റില്  ചെന്നില്ലെങ്കില്  കുഞ്ഞിനാ അതിന്റെ ദോഷം

ജോലി ചെയ്തതിൽ മിച്ചം വച്ച പണം ആശുപത്രി ചെലവിന്  പോലും തികഞ്ഞില്ല . ഒറ്റക്കാലും  കൊണ്ട് വീട്ടി ചെല്ലുമ്പോ മനസ്സാകെ ഒരു മരവിപ്പായിരുന്നു  മിക്ക ദിവസങ്ങളിലും പട്ടിണിയാ .. പട്ടിണിയെന്നു പറഞ്ഞാൽ മുരുപ്പട്ടിണി . ചിലപ്പോഴൊക്കെ ജോസഫ്  സഹായിക്കാറുണ്ട് , അന്ന്യനല്ലേ എത്രയാന്ന് വച്ചാ.. കാലാണെങ്കിൽ അനക്കാൻ പറ്റാത്ത വേദന . ഞാൻ  കാരണം വേറൊരു വയറും പട്ടിണിയാ എന്നാലോചിക്കുമ്പോ സഹിക്കാൻ കഴിഞ്ഞില്ല . കരഞ്ഞിട്ടുണ്ട് ഒരുപാട് . രാത്രിയിലോന്നു ഉറങ്ങാൻ പോലും സാധിക്കില്ലായിരുന്നു . ഒരു വഴി കാണിച്ചു  തരാൻ ചെകുത്താനോട് പോലും പ്രാർത്ഥിച്ചുപോയി .

അന്നൊക്കെ ജംഗാർ കോളനിയുടെ പുറകിലുള്ള വയലിൽ നിറയെ കൈതക്കാടാ . എന്തോ ആലോചിചിരിക്കുംബോഴാ എനിക്കങ്ങനെ തോന്നിയത് , കൈതോല കൊണ്ട് പായ മടഞ്ഞാലോ  എന്ന് , പണ്ട്  അമ്മ പഠിപ്പിച്ച  ഒരു സൂത്രാ അത്  . ജോലി കഴിഞ്ഞു വരുമ്പോ ജോസഫ് കുറേ കൈതോല വെട്ടിക്കൊണ്ടുവരും . അങ്ങനെ പായ മടയുവാൻ  തുടങ്ങി .

അപ്പോഴും കാലിലെ വേദന തന്നെയാ ഒരു തടസ്സമായിട്ട്, ചിലപ്പോഴൊക്കെ വേദന കൂടുമ്പോ തോർത്ത്‌ ചുരുട്ടി കടിച്ചങ്ങു പിടിക്കും . എന്തോ ഒരു വാശി എനിക്കും കൂടുന്നുണ്ടായിരുന്നു . മടഞ്ഞ പായൊക്കെ വെള്ളിയാഴ്ച ചന്തയിൽ കൊന്ദുപോയി വിൽക്കും.

ഇതിനിടയ്ക്ക്   ത്രേസിക്കൊച്ച്  ഒരു തടസ്സവുമില്ലാതെ പെറ്റു, ലോകം മുഴുവൻ കീഴടക്കിയവന്റെ സന്തോഷം എന്താണെന്നു അന്ന് ഞാൻ  അറിഞ്ഞു . ഒരുവിധം വടികുത്തി നടക്കാനയപ്പോൾ റയിൽവേ സ്റ്റേഷൻ ന്റെയടുത്ത് ഒരു പെട്ടിക്കട തുടങ്ങി . പിന്നെയെനിക്ക്‌ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല .

അവസാന പുകയെടുത്ത് അയാൾ  സിഗരറ്റ് കുറ്റി കളഞ്ഞു .

‘എന്റെ കഥ പറഞ്ഞു ഇയാളെ ഞാൻ ബോറടിപ്പിച്ചു ‘

‘ഏയ്  ഇല്ല ‘

വെപ്പ് കാൽ കേട്ടിക്കൊണ്ടായാൾ  പറഞ്ഞു .

‘മാളികപ്പുറത്തേറുമ്പോ  ചിലർ കഴിഞ്ഞ കാലമങ്ങു മറക്കും , പക്ഷെ എനിക്ക് എത്ര ഓർത്താലും പറഞ്ഞാലും മടുക്കില്ല . അതിജീവനത്തിന്റെ ഓർമ്മകൾക്കാണ് ഏറ്റവും മധുരമുള്ളത് ‘  

ബാബു അയാളെ എഴുന്നേല്ക്കാൻ സഹായിച്ചു .

‘വീട്ടിൽ  വരുന്നോ ഇത്തിരി ചോറുണ്ടേച്ചും  പോകാം ‘

‘ഇപ്പൊ  ഇല്ല പിന്നൊരിക്കലാവാം ‘

‘പിന്നെ വരുമോ ‘

‘വരും ‘

എന്തോ പറയാൻ മറന്നു വച്ചത് കിട്ടിയതുപോലെ അയാൾ പറഞ്ഞു

‘മരിക്കാൻ  പേടിയില്ലാത്തവൻ ജീവിക്കാൻ എന്തിനാ പേടിക്കണേ ..ഏ .. ഇത്തിരി ചൂടില്ലെങ്കിൽ കുളിരിനെന്തടോ ഒരു സുഖമുള്ളത് ‘

ബാബുവിന്റെ തോളത്തു ഒരു തലോടൽ സമ്മാനിച്ച് അയാൾ നടന്നകന്നു . ബാബു അയാളെത്തന്നെ  നോക്കിനിന്നു, ഒരു പൊട്ടായി  ഇരുട്ടിൽ അലിയും വരെ . അപ്പോഴും മാനത്ത് ആയിരം  നക്ഷത്രങ്ങളുടെ ഇടയിൽ   ഒരു നക്ഷത്രം മാത്രം  കൂടുതൽ ശോഭയോടെ തിളങ്ങിനിൽപ്പുണ്ടായിരുന്നു . വിണ്ണിൽ മാത്രമല്ല മണ്ണിലും ഉണ്ട് നക്ഷത്രങ്ങൾ.. നക്ഷത്രങ്ങൾ...



ജനാധിപത്യം ( മിനിക്കഥ)

ഒരു ഹർത്താൽ ദിവസം, അതിരാവിലെ പാർട്ടി നേതാവ് കോളേജ് ഹോസ്റ്റലിൽ എത്തി ഒരു പറ്റം വിദ്യാർത്ഥികളെ വിളിച്ചു കൊണ്ട് പോയി. ജനറൽ ഹോസ്പിറ്റലിന്റെ പരിസ...