Saturday, 19 July 2014

Birthday gift ( Memories)

പിറന്നാൾ സമ്മാനം



ഏല്ലാ മനുഷ്യരിലും പ്രായഭേദമന്യേ ഒരു കൊച്ചു കുട്ടി ഒളിഞ്ഞിരിപ്പുണ്ട് , എന്റെയുള്ളിലുമുണ്ട് ഒരു കൊച്ചു കുട്ടി . അതുകൊണ്ടാവാം ഈ പ്രായത്തിലും ഒരു പിറന്നാൾ സമ്മാനം കിട്ടുമ്പോ ൾ മനസ്സു ഒരു കൊച്ചു കുട്ടിയു ടേതെന്ന പോലെ ആർത്തുല്ലസിക്കുന്നത്. അതു എത്ര ചെറിയ സമ്മനമായാൽ പൊലും . ഇന്ന് എൻറെ 28 ആം പിറന്നാളിലും ആ ഉല്ലാസം ഞാൻ ഒരിക്കൽ കൂടി അറിഞ്ഞു. എന്ത് സമ്മാനമായി കിട്ടുന്നു എന്നതല്ല , ആര് അത് സ്നേഹത്തോടെ തരുന്നു എന്നതാണ് ചില സമ്മാനങ്ങളെ എന്നും നമ്മുടെ പ്രീയപ്പെട്ടതാക്കുന്നത് അത്തരത്തിൽ ഒന്ന് എനിക്കും കിട്ടിയിട്ടുണ്ട്. എൻറെ അമ്മ തന്ന സമ്മാനം. അത് ഭൗതികമായ ഒന്നല്ല , മറിച്ച് എന്നെന്നും ഓർക്കാൻ പറ്റിയ, ഹൃദയത്തിൽ ചേർത്തു നിർത്താൻ പറ്റിയ ഒരു മുഹൂർത്തം. സാധാരണ എൻറെ പിറന്നാൾ ദിവസങ്ങളിൽ ഞാൻ വീട്ടിൽ ആണെങ്കിൽ അമ്മ അതിരാവിലെ അമ്പലത്തിൽ പോകും, എൻറെ പേരിൽ പുഷ്പാഞ്ജലി കഴിപ്പിക്കും, തിരിച്ചു വന്ന് ഉറങ്ങിക്കൊണ്ടിരിക്കുന്ന എന്നെ വിളിച്ചുണർത്തി പിറന്നാൾ സമ്മാനമായി ഒരു മുത്തം തരും, പിന്നെ പിറന്നാൾ ദിവസമെങ്കിലും നേരത്തെ എഴുന്നേല്ക്കാത്തതിൻറെ വഴക്കും, ഉച്ചയ്ക്ക് ബിരിയാണി പോലുള്ള അടിപൊളി വിഭവങ്ങളും. ഇത്രയൊക്കെയാണ് വീട്ടിലെ കാര്യങ്ങൾ. എറണാങ്കുളത്തുള്ളപ്പോഴാണെങ്കിൽ പാതിരാത്രി 12 മണിക്ക് റൂംമേറ്റിൻറെ പിറന്നാൾ ആശംസകളും.. ട്രീറ്റും... സമ്മാനങ്ങളും അങ്ങനെയൊക്കെ അങ്ങു പോകും. ഇതുവരെയുള്ള എന്റെ പിറന്നാൾ ദിവസങ്ങളിൽ സംഭവബഹുലമായ സംഭവങ്ങൾ ഒന്നും തന്നെ സംഭവിച്ചിട്ടില്ലെങ്കിലും എൻറെ ഒരു പിറന്നാളിനു ചെറിയൊരു സംഭവം നടന്നു. 2009 ജൂലൈ ഇതേ ദിവസം, ഞാൻ അന്ന് ആദിശ ങ്കരയിൽ പഠിക്കുന്ന കാലം, അന്ന് ഞായറാഴ്ച ആയതുകൊണ്ട് ഞാൻ വീട്ടിൽ വന്നതാണ്‌. ആ ഭാഗത്തൊക്കെ ആക്രിക്കാരായി വരുന്നത് തമിഴർ ആണ്, അണ്ണാച്ചി എന്നാണ് ഞങ്ങൾ അവരെ വിളിക്കുന്നത്. അന്ന് എൻറെ വീട്ടിൽ ഒരു തമിഴ് സ്ത്രീ പഴയ സാധനങ്ങൾക്കായി വന്നു. അമ്മ സാധനങ്ങൾ ഒക്കെ എടുത്തുകൊടുത്തു, കാശൊക്കെ തന്നു അണ്ണാച്ചി പോകാൻ ഒരുങ്ങുമ്പോൾ അമ്മ അവരെ ഭക്ഷണം കഴിക്കാൻ ക്ഷണിച്ചു . സമയം ഏകദേശം ഉച്ചയാകാറായിരുന്നു . വെറുതേയൊരു ക്ഷണം എന്നാണു ഞാൻ ആദ്യം കരുതിയത്, പക്ഷേ ആദ്യമൊക്കെ വിസമ്മതിച്ച അണ്ണാച്ചിയെ അമ്മ ഒരുപാടു നിർബന്ധിപ്പിച്ചു സമ്മതിപ്പിക്കുകയാണുണ്ടആയത് . സാധാരണ ആരും അണ്ണാച്ചിയെ വീട്ടിനകത്തേക്കൊന്നും കയറ്റാറില്ല, എന്നിട്ടും എന്തിനാണ് അമ്മ ഇത്രയും നിർബന്ധിച്ചത് എന്ന് എനിക്ക് മനസ്സിലായില്ല . ആ ഒരു ദേഷ്യം എൻറെ മുഖത്ത് കണ്ടതുകൊണ്ടാകാം അമ്മ എന്നോട് പറഞ്ഞു. ‘ നല്ലൊരു ദിവസം അല്ലെ .. വിശക്കുന്നവർക്ക് ഒരു നേരത്തെ ആഹാരം കൊടുക്കുന്നതിലും പുണ്യം വേറെയില്ല , നമുക്ക് അവരെ കൂടെ വിളിക്കാം. ‘ ആ മറുപടിക്ക് എൻറെ ദേഷ്യത്തെ ഇല്ലാതാക്കാൻ ഒരു നിമിഷം പൊലും എടുത്തില്ല . വിശക്കുന്നവർക്ക് ഒരു നേരത്തെ ആഹാരം കൊടുക്കുന്നതിലും പുണ്യം വേറെയില്ല. ഈ വാചകം പലരും പറഞ്ഞും പലയിടത്തായി വായിച്ചും ഒരുപാടു പരിചയം ഉള്ളതാണ്. എങ്കിലും അതിൻറെ ശരിയായ അർത്ഥം, അതിലെ ശരിയായ വികാരം എന്താണെന്നു ആദ്യമായിട്ട് അനുഭവിച്ചറിഞ്ഞത് അന്ന് അണ്ണാച്ചിയോടൊപ്പം അറിയാവുന്ന മുറി തമിഴിൽ കുശലം ചോതിച്ചുകൊണ്ട് ഒരു മേശയുടെ അപ്പുറത്തും ഇപ്പുറത്തും ഇരുന്നു ഭക്ഷണം കഴിക്കുമ്പോഴായിരുന്നു. മറക്കാൻ പറ്റാത്ത ഒരു അനുഭവം ആയിരുന്നു അത്. വളരെ ആകസ്മികമായി കിട്ടിയ അവസരം കൊണ്ട് നന്മയുടെ ഒരു വലിയ പാഠം ആ പിറന്നാൾ ദിവസത്തിൽ അമ്മ എനിക്ക് പറഞ്ഞുതരികയായിരുന്നു. എനിക്ക് തന്നൊരു സമ്മാനമായിരുന്നു ആ അനുഭവം. അതിനു ശേഷമുള്ള എല്ലാ പിറന്നാളിനും ഞാൻ ഇത് ഓർക്കാറുണ്ട്. ഇന്നും ഓർത്തു ഒരിക്കൽ കൂടി. എനിക്ക് ഏറ്റവും പ്രീയപ്പെട്ട പിറന്നാൾ സമ്മാനം .
      




 


Wednesday, 25 June 2014

Saamoohyajeevi( Story )


സാമൂഹ്യജീവി


കൃത്യം പാരീസ് ഹോട്ടലിന്റെ മുന്നിലെത്തിയപ്പോൾ വിശപ്പിന്റെ വിളി മൂർധന്യത്തിൽ  എത്തിയിരുന്നു. കൂടുതലൊന്നും അമാന്തിക്കാൻ നിന്നില്ല അയാൾ അങ്ങോട്ടേക്ക്  കയറി .

കുടികിടപ്പ്  സർട്ടിഫിക്കറ്റ്  ശരിയാക്കാൻ  വില്ലജ് ഓഫീസിൽ വന്നതായിരുന്നു അയാൾ , ഓഫീസിന്റെ വരാന്തയിൽ തപസ്സിരിക്കാൻ തുടങ്ങിയിട്ട് മണിക്കൂർ രണ്ട്  ആയി. ഓഫീസർ ഇതുവരെ സ്ഥലത്ത്  എത്തിയിട്ടില്ല. കാത്തു മടുത്തപ്പോൾ ഉച്ച വെയിലിനെ അവഗണിച്ചുകൊണ്ട്  അയാൾ പുറത്തേക്ക് ഇറങ്ങിയതാണ് .

ഹോട്ടലിൽ സാമാന്യം നല്ല തിരക്കുണ്ട് , അതുവഴി  പോകുന്നവരെ പിടിച്ചു  കയറ്റാൻ പാകത്തിലുള്ള ഇന്നത്തെ സ്പെഷ്യൽ ബോർഡ്‌  അതിന്റെ മുന്നിലുണ്ട് . വറുത്തരച്ച ചിക്കൻ കറി , ഞണ്ട്  ചട്ടിയിൽ വരട്ടിയത് , ആവോലി കല്ലിൽ പൊള്ളിച്ചത്  കൂന്തൽ  റോസ്റ്റ്  അങ്ങനെ മനം മയക്കുന്ന വിഭവങ്ങൾ  നിര നിരെ . നേർത്ത  ഗാനം, മോടി പിടിപ്പിച്ച അകത്തളം , എല്ലാം കൊണ്ടും അകെ മൊത്തം ഒരു മനോഹാരിത . വെയിറ്റർ ഓർഡർ എടുക്കാൻ വന്നു,  അയാൾ പൊറോട്ടയും ബീഫും  ഓർഡർ ചെയ്തു .

പച്ച ബനിയനും നീല ജീൻസും ഇട്ട വെയിറ്റർമാരാണ്  അവിടെ ഉള്ളത് .  യൂണിഫോം ഇട്ട   വെയിറ്റർമാർ ഒരു ഭംഗി തന്നെയാണ് .  കാട്ടാക്കടയിലെ  തൻറെ ഹോട്ടലിലെ ബംഗാളി പയ്യന്മാർക്കും ഇതുപോലെ യൂണിഫോം കൊടുത്താലോ എന്നയാൾ ആലോചിക്കാതിരുന്നില്ല. അവരെ ദിവസവും കുളിപ്പിച്ചിട്ട്‌ വരുത്തുന്നതിന്റെ പാട് അയാൾക്കറിയാം, അങ്ങനെ വരുമ്പോ ഇതൊന്നും നടപ്പില്ലാത്ത കാര്യം ആണ്.

ബീഫും  പൊറോട്ടയും ഒരു താലത്തിൽ വന്നു.  പതുപതുപ്പുള്ള  പഞ്ഞി പോലെ ചൂടുള്ള പൊറോട്ട ഒരു കഷ്ണം മുറിച്ചെടുത്ത് ബീഫിൽ നല്ലപോലെ മുക്കിയെടുത്തു , കൂടെ ഒരു നെയ്യുള്ള കഷ്ണത്തെ പൊതിഞ്ഞെടുത്ത് വായിലേക്ക് ഇടാൻ നോക്കുമ്പോഴാണ്  എന്തോ ഒന്ന് കൈയെ തിരിച്ചു വിളിച്ചത്. സംഗതി മറ്റൊന്നുമല്ല , രണ്ടാഴ്ച മുൻപ് നടന്നൊരു സംഭവം .

കാട്ടാക്കടയിലെ ഹോട്ടലിന്റെ കാഷിൽ ഇരിക്കുമ്പോഴാണ് അനുജൻ സദാശിവന്റെ പരിഭ്രമിച്ചുള്ള വരവ് .

“ചേട്ടാ  ഒരു  ചെറിയ  പ്രശ്നംണ്ട് “
“എന്തേ “
“ബീഫ് റോസ്റ്റിൽ ഒരു പല്ലി  ചത്ത്‌  കിടക്കുന്നു “
“പല്ലിയോ … പല്ലി  എന്തിനു അതിനകത്ത് കയറി “

ഉത്തരം മുട്ടിക്കുന്ന ചോദ്യത്തിന് എന്താണ് പറയേണ്ടതെന്നറിയാതെ  സദാശിവൻ നിശബ്ദൻ ആയിപ്പോയി.

അയാൾ  അടുക്കളയിൽ  പോയി ബീഫ്  റോസ്റ്റിൻറെ  പാത്രം തുറന്നു നോക്കി . ഒരു മുങ്ങൽ വിദഗ്ദ്ധൻ മുട്ടോളം വെള്ളത്തിൽ മുങ്ങാം കുഴിയിട്ട് തല തല്ലി മരിച്ചാൽ എങ്ങനെയിരിക്കും അതുപോലെയാണ് പല്ലിയുടെ  കിടപ്പ് . മസാലയും  പല്ലിയും  തമ്മിൽ ഒരഭേദ്യമായ അകലം ഇപ്പോഴും സൂക്ഷിക്കുന്നുണ്ട്.

അയാളുടെ അരിശം വല്ലാതെ ഇരച്ചു കയറി . അരിശം കൊള്ളിക്കാൻ കുശിനിക്കാരനെ ഹാജരാക്കി . വട്ടമൂടിയുടെ  വളവുകൊണ്ടുണ്ടായ വിടവു  കാണിച്ച്  കുശിനിക്കാരൻ ശാസ്ത്രീയമായി  തടി തപ്പി . അയാൾ സദാശിവനെ നോക്കി പറഞ്ഞു .

“ നീയാ  തവി ഇങ്ങൊട്ടെടുത്തെ ശിവാ “
“ എന്നുവച്ചാ...  ഇതിനെ എടുത്തു കളയാനാണോ “
“ അത് തന്നെ “
“ അപ്പൊ.. “
അയാൾ കയറിപ്പറഞ്ഞു : “ നിനക്കിന്നു  ബീഫ് കൂട്ടി കഴിക്കണംന്ന്  നിർബന്ധംണ്ടോ”
“ ഇല്ല “
“പിന്നെന്താ .. രണ്ടായിരം രൂപേടെ മൊതല് കളയാന്നുവച്ചാ തലക്ക്  ഓളം അല്ലെ “

പല്ലിയേയും അതിൻറെ പരിചയക്കാരെന്ന്  കരുതുന്ന ബീഫ് കഷ്ണങ്ങളെയും അയാൾ വിദഗ്ദ്ധമായി എടുത്തു കളഞ്ഞു .
***
പൊറോട്ട ബീഫ്  റോസ്റ്റിൽ ഒന്നുകൂടി മുക്കി നോക്കി, അയാൾക്ക്  കഴിക്കാൻ കഴിഞ്ഞില്ല . മനസ്സിൽ കുറ്റബോധത്തിൻറെ വേലിയേറ്റം മൂർധന്യത്തിൽ എത്തിനില്ക്കുന്നു.

അയാൾ പലതും ഓർത്തുപോയി, മനുഷ്യൻ ഒരു സാമൂഹ്യജീവിയാണ് . അവൻ അവനടങ്ങുന്ന സമൂഹത്തിൻറെ ഓരോ കണ്ണിയാണ് , അറിഞ്ഞോ അറിയാതെയോ ബന്ധപ്പെട്ടുകിടക്കുന്ന കണ്ണികൾ. അവൻ സമൂഹത്തോട് ചെയ്യുന്നതൊക്കെയും അവനോടു തന്നെയല്ലേ ചെയ്യുന്നത്. അതിന്റെ ലാഭവും നഷ്ടവും അവനും കൂടിയല്ലേ അനുഭവിക്കേണ്ടത് .

അയാൾ  ഒന്നും കഴിച്ചില്ല , അല്പം വെള്ളം മാത്രം കുടിച്ച് എഴുന്നേറ്റു. ബില്ല് കൊടുക്കാൻ പോയ അയാളെ കാഷ്യർ തഞ്ചത്തിൽ ഒരു മൂലയ്ക്കു വിളിച്ചുകൊണ്ടുപോയി അടക്കിയ സ്വരത്തിൽ ചോതിച്ചു .

“ഭക്ഷണത്തിൽ വല്ലതും കണ്ടോ.. ചേട്ടൻ രുചിച്ചുപോലും നോക്കിയില്ലല്ലോ “
  
അയാൾ ഉഴപ്പിക്കൊണ്ടു പറഞ്ഞു

“ അതൊന്നുമല്ല കാര്യം എനിക്ക് വേണ്ടാഞ്ഞിട്ടാ “
“എന്തെങ്കിലും കണ്ടിട്ടുണ്ടെങ്കിൽ ഞങ്ങൾ അതിൻറെതായരീതിയിൽ എന്താന്നുവച്ചാ ചെയ്യാം . ഈ കാര്യം പുറത്ത് പറഞ്ഞ് ഹോട്ടലിന്റെ reputation കളയരുത് “

“ഹ അതൊന്നുമല്ലെടോ.. ഇത്രയൊന്നുമില്ലെങ്കിലും എനിക്കുമുണ്ട് ഒരു ഹോട്ടൽ .. കാര്യം നിങ്ങള് വിചാരിക്കുന്നതുപോലോന്നുമല്ല … എനിക്കൊരു തെറ്റ് പറ്റി .. പറ്റിപ്പോയി … അല്ലാതെ നിങ്ങളുടെ ഭാഗത്ത്  യാതൊരു  തെറ്റൂല്ലാ “

കഷ്യർക്ക് കാര്യം ഒന്നും മനസ്സിലായില്ലെങ്കിലും എല്ലാം അനുസരണഭാവത്തിൽ  കേട്ടു നിന്നതേയുള്ളൂ. കാശു കൊടുത്ത് പുറത്തേക്കിറങ്ങവേ  എന്തോ പറയാൻ മറന്നതുപോലെ അയാൾ തുടർന്നു .

“ നമ്മളൊക്കെ സാമൂഹ്യജീവിയാണ് .. സമൂഹത്തെ മറന്നൊരു കളി കളിക്കാൻ പാടില്ല “

നിരത്തിലെ തിരക്കിനെ വകഞ്ഞു മാറ്റിക്കൊണ്ട് അയാൾ നടന്നകന്നു .
***


ജനാധിപത്യം ( മിനിക്കഥ)

ഒരു ഹർത്താൽ ദിവസം, അതിരാവിലെ പാർട്ടി നേതാവ് കോളേജ് ഹോസ്റ്റലിൽ എത്തി ഒരു പറ്റം വിദ്യാർത്ഥികളെ വിളിച്ചു കൊണ്ട് പോയി. ജനറൽ ഹോസ്പിറ്റലിന്റെ പരിസ...